This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രേന്‍, ഹാര്‍ട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രേന്‍, ഹാര്‍ട്ട്

Crane, Hart (1899 - 1932)

അമേരിക്കന്‍ കവി. രണ്ടു കാവ്യസമാഹാരങ്ങളേ പ്രസിദ്ധീകരിച്ചിട്ടുള്ളുവെങ്കിലും അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയരായ നാലോ അഞ്ചോ കവികളില്‍ ഒരാളായി ഇദ്ദേഹത്തെ ഗണിച്ചുവരുന്നു.

ഓഹായോയിലെ ഗാരറ്റ്സ് വില്ലേയില്‍ 1899 ജൂല. 21-ന് ജനിച്ചു. ബാല്യകാലം അധികവും ക്ലിവ്ലന്‍ഡിലാണ് കഴിച്ചുകൂട്ടിയത്. കുടുംബപരമായ ബുദ്ധിമുട്ടുകളാല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഉപജീവനാര്‍ഥം പല ജോലികളും ഇദ്ദേഹത്തിനു ചെയ്യേണ്ടിവന്നു. ന്യൂയോര്‍ക്കില്‍ ഒരു പരസ്യക്കമ്പനിയിലെ ജോലി, ഇദ്ദേഹത്തിലെ സര്‍ഗാത്മകതയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ചു. അമേരിക്കന്‍ സാഹിത്യത്തിലെ കുലപതികളായ ഹെര്‍മന്‍ മെല്‍വിന്‍, വാള്‍ട്ട് വിറ്റ്മാന്‍, എമിലി ഡിക്കന്‍സണ്‍, റ്റി.എസ്. എലിയറ്റ്, എസ്രാ പൗണ്ട് എന്നിവരുടെ രചനകള്‍ ഇക്കാലത്ത് ക്രേനിനെ ഏറെ ആകര്‍ഷിച്ചിരുന്നു.

ആദ്യകാവ്യസമാഹാരമായ വൈറ്റ് ബില്‍ഡിങ്സ് തന്നെ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. 1930-ല്‍ ക്രേനിന്റെ ഏറ്റവും ശ്രേഷ്ഠരചനയായ ദ് ബ്രിഡ്ജ് പ്രസിദ്ധീകരിക്കപ്പെട്ടു. അമേരിക്കന്‍ സംസ്കാരത്തിലെ ആത്മീയധാരകളെയും മതസങ്കല്പങ്ങളെയും മിസ്റ്റിസിസത്തിന്റെയും സിംബോളിസത്തിന്റെയും രചനാശീലിലൂടെ അതിമനോഹരമായി ദ് ബ്രിഡ്ജില്‍ അവതരിപ്പിച്ചിരിക്കുന്നു. അഭൗമമായ അലങ്കാരപ്രയോഗങ്ങളാല്‍ സമ്പന്നമാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. പദങ്ങളുടെ ധാരാളിത്തം, കാലികപ്രമേയങ്ങളുടെ പ്രസക്തി, യാന്ത്രിക-വ്യാവസായിക മേഖലകളില്‍ നിന്നുള്ള ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിയുള്ള അലങ്കാരപ്രയോഗങ്ങള്‍ തുടങ്ങിയവയാണ് ക്രേനിന്റെ കവിതയുടെ മുഖമുദ്ര.

ദ് ബ്രിഡ്ജ് എന്ന കൃതിയിലൂടെ ഇദ്ദേഹത്തിന് ഗുഗ്ഗെന്‍ ഹൈം ഫെലോഷിപ്പ് (Guggenheim Fellowship) ലഭിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ കവിതകളുടെ സമാഹാരം (കളക്റ്റഡ് പോയംസ്), കത്തുകളുടെ സമാഹാരം (ലെറ്റേഴ്സ്) എന്നിവ 1933-ല്‍ പ്രസിദ്ധീകരിച്ചു.

ജീവിതത്തിന്റെ അവസാനനാളുകളില്‍ ഒരിടത്തും ഉറച്ചുനില്ക്കാതെ ഇദ്ദേഹം യൂറോപ്പിലുടനീളം ചുറ്റിക്കറങ്ങി. അമിതമായ മദ്യപാനവും കുത്തഴിഞ്ഞ ജീവിതചര്യകളും എല്ലാ അര്‍ഥത്തിലും ക്രേനിന്റെ ജീവിതത്തെ താറുമാറാക്കി. കപ്പലില്‍ യാത്ര ചെയ്യുകയായിരുന്ന ക്രേന്‍ 1932 ഏ. 27-ന് കടലിലേക്കു എടുത്തുചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍